District News
തൊടുപുഴ: നെയ്യശേരി-തോക്കുമ്പന്സാഡില് റോഡ് നിര്മാണം പൂര്ത്തിയായി. തൊമ്മന്കുത്ത്, ആനയാടിക്കുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇനി സഞ്ചാരികൾക്ക് സുഗമമായി യാത്ര ചെയ്യാം. വണ്ണപ്പുറം-ചേലച്ചുവട് റോഡുമായി ബന്ധിപ്പിക്കുന്ന പാതയാണിത്.
കരിമണ്ണൂര്,ആലക്കോട്, വെള്ളിയാമറ്റം, ഉടുമ്പന്നൂര് പഞ്ചായത്തുകളിലെ നൂറുകണക്കിന് യാത്രക്കാര്ക്ക് ഈ റോഡിലേക്ക് വേഗത്തിൽ എത്താനും സാധിക്കും. വണ്ണപ്പുറം ടൗണ്ചുറ്റിയുള്ള യാത്രയേക്കാൾ മൂന്നു കിലോമീറ്ററോളം ദൂരവും കുറയും. മുണ്ടന്മുടി അച്ചന്കവലയിലാണ് റോഡ് എത്തുന്നത്. ഇടുക്കി മേഖലയില്നിന്നു വരുന്നവര്ക്ക് കരിമണ്ണൂര് ഭാഗത്തേക്ക് വേഗത്തിൽ എത്താനും റോഡ് പ്രയോജനപ്പെടും.
തൊമ്മന്കുത്ത്, ആനയാടിക്കുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വീതികുറഞ്ഞ റോഡ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ആനയാടിക്കുത്തിലേക്ക് വലിയവാഹനങ്ങള്ക്ക് പോകാനും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പി.ജെ. ജോസഫ് എംഎല്എയുടെ ശ്രമഫലമായി റീ ബില്ഡ് കേരള പദ്ധതിയില് ഉള്പ്പെടുത്തി നെയ്യശേരി-തോക്കുമ്പന്സാഡില് റോഡ് നിര്മാണത്തിന് അനുമതി ലഭ്യമാക്കിയത്. 136 കോടിയാണ് നിർമാണച്ചെലവ്. റോഡ് നിർമാണത്തിന്റെ ഭാഗമായ ഓടനിര്മാണം കൂടി അവശേഷിക്കുന്നുണ്ട്.
വനംവകുപ്പിന്റെ എതിര്പ്പും തടസവാദങ്ങളും ഉള്പ്പെടെയുള്ള പ്രതിസന്ധികള് തരണം ചെയ്താണ് നിര്മാണം പൂര്ത്തീകരിച്ചതെന്ന പ്രത്യേകതയുമുണ്ട്. റോഡ് നിര്മാണത്തിന്റെ ഭാഗമായി തൊമ്മന്കുത്തില് പുതിയ പാലത്തിന്റെ നിര്മാണം ഇനിയും പൂര്ത്തീകരിച്ചിട്ടില്ല. ഇതിനുള്ള നടപടികള് അവസാനഘട്ടത്തിലാണ്.
കരിമണ്ണൂര്-തൊമ്മന്കുത്ത് (9.74 കിലോമീറ്റര്), തൊമ്മന്കുത്ത്-നാരങ്ങാനം-മുണ്ടന്മുടി (4.19 കിലോമീറ്റര്), വണ്ണപ്പുറം-പട്ടയക്കുടി (15.32 കിലോമീറ്റര്) എന്നീ റോഡുകളാണ് പദ്ധതിയില് ഉള്പ്പെടുത്തിയിരുന്നത്.
ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള റോഡിന്റെ ഭാഗമായി പുതിയ പാലങ്ങള്, കലുങ്കുകള്, സംരക്ഷണഭിത്തി, റോഡ് സുരക്ഷാക്രമീകരണങ്ങള്, ഓടകള് എന്നിവയും ഉള്പ്പെട്ടിരുന്നു. ഇതില് മുളപ്പുറത്തെ പാലം നിർമാണം നേരത്തേ പൂര്ത്തീകരിച്ചിരുന്നു.
അതേസമയം നിര്മാണം പൂര്ത്തിയായ റോഡിലേക്ക് കഴിഞ്ഞ ദിവസമുണ്ടായ വേനല്മഴയിലെ കുത്തൊഴുക്കില് കല്ലുംമണ്ണും ചെളിയും വന്നടിഞ്ഞിരുന്നു. ഓടകളുടെനിര്മാണം പൂര്ത്തിയാകുന്നതോടെ ഈ പ്രശ്നത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
District News
മുണ്ടക്കയം: വിനോദ സഞ്ചാരമേഖലയായ വാഗമണ്ണിലേക്ക് കോട്ടയം ജില്ലയിൽനിന്ന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്ന മുണ്ടക്കയം - ഇളങ്കാട് - വാഗമൺ റോഡിന്റെ നിർമാണം പുരോഗമിക്കുന്നത് ജില്ലയുടെ കിഴക്കൻ മലയോര മേഖലയുടെ വികസനത്തിന് വഴിവയ്ക്കുമെന്ന് പ്രതീക്ഷ.
ഇന്ത്യയിലെ ഏറ്റവും പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിലേക്ക് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഓരോ ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വാഗമണ്ണിലേക്കെത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാവുന്ന വഴിയാണ് മുണ്ടക്കയം - കൂട്ടിക്കൽ - ഇളങ്കാട് - വാഗമൺ റോഡ്.
നിലവിൽ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലോ ഇടുക്കി ജില്ലയിലെ ഏലപ്പാറയിലോ എത്തി വേണം വാഗമണ്ണിലേക്ക് എത്തുവാൻ. വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ഇളങ്കാട് - വാഗമൺ റോഡിന്റെ നിർമാണം അവസാനഘട്ടത്തിലെത്തി നിൽക്കെ 2018ലും 21ലുമുണ്ടായ പ്രളയത്തിൽ റോഡ് പൂർണമായും തകർന്നു. പിന്നീട് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ശ്രമഫലമായി റോഡ് നവീകരണത്തിന് 17 കോടി രൂപ അനുവദിച്ചു.
ഈ തുക ഉപയോഗിച്ച് ഇപ്പോൾ ഇളങ്കാട് മുതൽ വാഗമൺ വരെയുള്ള ഏഴു കിലോമീറ്റർ റോഡിന്റെ ടാറിംഗ് ജോലികളാണ് പുരോഗമിക്കുന്നത്. റോഡ് യാഥാർഥ്യമാകുന്നതോടെ കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ വികസനത്തിനു വഴിതെളിയും.
District News
പിറവം: കുമരകം-നെടുമ്പാശേരി റോഡിന്റെ ഭാഗമായുള്ള പെരുവ-പിറവം-പെരുവംമുഴി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ (കെഎസ്ടിപി) കീഴിൽ കുമരകം-നെടുമ്പാശേരി റോഡിന്റെ ഭാഗമായാണ് പെരുവംമുഴി റോഡിന്റെ നിർമാണം നടക്കുന്നത്.
പുനരാരംഭിച്ച നിർമാണ പ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ പാലങ്ങളും കലുങ്കുകളും പൂർത്തിയാക്കാനാണ് തീരുമാനം. പിറവം-കക്കാട് റോഡിലുള്ള പടവെട്ടിപ്പാലത്തിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. കുപ്പിക്കഴുത്തു പോലുള്ള പാലത്തിലൂടെ കഷ്ടിച്ച് ഒരു വാഹനം മാത്രമാണ് കടന്നുപോകാനാവുക. ഇവിടെ സമാന്തരപാത നിർമിച്ച ശേഷം പാലം പൊളിക്കും. പാലം പൊളിച്ചു പുനർനിർമിക്കുന്ന ഘട്ടത്തിൽ രണ്ടു ഭാഗത്തേക്കും ഗതാഗതം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സമീപത്ത് സമാന്തര റോഡിന്റെ നിർമാണം ദ്രുതഗതിയിൽ ആരംഭിച്ചിട്ടുണ്ട്.
രണ്ടര മാസത്തിനുള്ളിൽ പെരുവ-പിറവം-പെരുവംമുഴി റോഡിൽ വരുന്ന എല്ലാ പാലങ്ങളുടെയും കലങ്കുകളുടെയും നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. റീബിൽഡ് കേരളയിലുൾപ്പെടുത്തി തുക അനുവദിച്ച റോഡ് നിര്മാണം കഴിഞ്ഞ ഒന്നര വർഷത്തോളമായി മുടങ്ങിക്കിടക്കുകയായിരുന്നു. കുമരകത്തുനിന്നും കുറഞ്ഞ ദൂരത്തിൽ വളരെ വേഗത്തിൽ നെടുമ്പാശേരിയിലേക്ക് എത്തിച്ചേരുന്ന വിധത്തിലാണ് റോഡിന്റെ നിർമാണം. നിർമാണം പുനരാരംഭിച്ച പടവെട്ടി പാലത്തിന്റെ സമാന്തര പാത നിർമിക്കുന്ന പ്രദേശം കഴിഞ്ഞ ദിവസം അനൂപ് ജേക്കബ് എംഎൽഎ സന്ദർശിച്ചിരുന്നു.
District News
തിരുവമ്പാടി: സിലോൺ കടവ്- ഇരുമ്പകം ബൈപാസായി നിർമിക്കുന്ന റോഡിന്റെ പ്രവർത്തി ഉദ്ഘാടനം കോഴിക്കേട്ട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനൻ കൊട്ടാരത്തിൽ നിർവഹിച്ചു.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മറിയാമ്മ ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദീപ ഷൈജോ, തിരുവമ്പാടി പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, വാർഡ് പ്രസിഡന്റ് റെജി ചെറിയാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹി ലിബിൻ ഏബ്രഹാം, ജിജി ചക്കമൂട്ടിൽ, റോഡ് കമ്മിറ്റി പ്രസിഡന്റ് ജോബിഷ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചാലക്കുടി: ദേശീയപാതയിൽ പോട്ട ആശ്രമം ജംഗ്ഷൻ അടച്ചുപൂട്ടിയിട്ടും അപകടമരണങ്ങൾ സംഭവിക്കുന്നു.
അപകടംനിറഞ്ഞ ഈ ജംഗ്ഷനിൽ ഇപ്പോൾ കാൽനടക്കാർ ജീവൻ പണയംവച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്. ഇവിടെ കാൽനടയാത്രക്കാർക്ക് റോഡുമുറിഞ്ഞ് കടന്നുപോകാൻ യാതൊരു സുരക്ഷാസംവിധാനവും സ്ഥാപിച്ചിട്ടില്ല. ഇവിടെ അടിപ്പാത നിർമിക്കാൻ അനു മതി ലഭിച്ചിരുന്നു.
എന്നാൽ ഇപ്പോൾ അനിശ്ചിതാവസ്ഥയിലാണ്. അനേകായിരങ്ങൾ പങ്കെടുക്കുന്ന പോട്ട ദേശിയ ബൈബിൾ കൺവൻഷൻ അടുത്തയാഴ്ച്ച ആരംഭിക്കുകയാണ്.
റോഡിന്റെ എതിർവശത്താണ് ബസ് സ്റ്റോപ്പ്. ഇരു വശത്തേയ്ക്കും റോഡ് മുറിഞ്ഞുകടക്കുന്ന ജനങ്ങൾക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആക്ഷൻ ഫോറം ആവശ്യപ്പെട്ടു.
എത്രയും വേഗം അടിപ്പാത നിർമിക്കുക, പോലീസ് സംവിധാനം ഏർപ്പെടുത്തുക, അടിപ്പാത വരുന്നതുവരെ സിഗ്നൽ സിസ്റ്റം നിലനിർത്തി അപകടങ്ങൾ ഒഴിവാക്കണമെന്നും ആക്ഷൻ ഫോറം ആവശ്യപ്പെട്ടു.
District News
നിലന്പൂർ: എംപി ഫണ്ടിൽ കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് റോഡ് പ്രവൃത്തി തുടങ്ങി. ചാലിയാർ പഞ്ചായത്തിലെ വിജയപുരം-അളക്കൽ റോഡിലാണ് ജനവാസ മേഖലയിലെ ഭാഗങ്ങൾ ഒഴിവാക്കി സ്വകാര്യവ്യക്തിയുടെ കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കുള്ള റോഡ് നിർമാണം ആരംഭിച്ചത്.
പി.വി.അബ്ദുൾ വഹാബ് എംപിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് 400 മീറ്റർ റോഡ് നിർമാണം. നിലന്പൂർ-നായാടംപൊയിൽ മലയോര ഹൈവേയിൽ മൂലേപ്പാടത്ത് നിന്നാണ് വിജയപുരം-അളക്കൽ റോഡ്.
ഇതിന്റെ തുടക്കത്തിൽ നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ഏതാനും മീറ്റർ റോഡ് കഴിഞ്ഞാൽ രണ്ട് കിലോമീറ്റർ ഭാഗം ഒഴിവാക്കിയാണ് കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കുള്ള റോഡ് നിർമാണം. നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടും എംപി ഫണ്ട് ഉപയോഗിച്ചുള്ള റോഡ് നിർമാണം അധികൃതർ ആരംഭിച്ചു കഴിഞ്ഞു. ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് ജനവാസ മേഖല ഒഴിവാക്കിയുള്ള റോഡ് നിർമാണത്തിന് പിന്നിൽ ചിലരുടെ സ്വാർഥ താത്പര്യമാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.